Wednesday, 7 September 2011

പനിക്കാല സ്മരണകള്‍

"I want a fever, in poetry: a fever, and tranquility."
അവള്‍ വീണ്ടും വന്നു... കുറച്ചു നാളുകള്‍ക്കു ശേഷം അവള്‍ പിന്നെയും എന്നെ തേടി വന്നു. പാവം... കുറച്ചു നാളുകള്‍ക്കു ശേഷം അവള്‍ വന്നതാണ്. എന്നെ പോലെ അവളെ ആരും സ്നേഹിക്കുന്നേ ഉണ്ടാവില്ല . മറ്റുള്ളവര്‍ക്ക് അവള്‍ ഒരു ശല്യം തന്നെ ആണ്. എനിക്കവള്‍ എന്റെ കളിക്കൂട്ടുകാരി ആണ്... സ്കൂളില്‍ പോകാന്‍ മടി തോന്നിയാല്‍ അവള്‍ ഓടി വരും. ചാച്ചനെ കാണണം എന്ന് തോന്നുമ്പോഴെല്ലാം എനിക്ക് കൂട്ടായി അവള്‍ വരും. ഇപ്പോള്‍ അവള്‍ വന്നാലും  biscuit വാങ്ങി കൊണ്ടു വരാന്‍  ചാച്ചനില്ല എന്ന് അറിയാവുന്നത് കൊണ്ടായിരിക്കും അവള്‍ എന്നെ തേടി അങ്ങനെ വരാറില്ല.

എനിക്ക് അവള്‍ ഒരുപാടു ഓര്‍മകളുടെ കൂട്ടുകാരിയാണ്‌. അന്ന് ഞാന്‍ 5-)o ക്ളാസ്സില്‍ പഠിക്കുമ്പോഴാണ് അവള്‍ ഒരു വരവ് ആഘോഷ പൂര്‍വ്വം വന്നത്. എന്റെ ഓര്‍മയില്‍ ആദ്യമായി സൂചിയുടെ വേദന അറിഞ്ഞ ദിവസങ്ങള്‍ ... എങ്കിലും എനിക്ക് അത്ര സങ്കടം തോന്നിയില്ല. കൂടെയുള്ളത് ചാച്ചനാണ്‌. എന്റെ ചാച്ചന്‍ ... ബാലരമ, ബാലഭൂമി, ബാലമംഗളം, അമര്‍ചിത്രകഥ, അങ്ങനെ തുടങ്ങി എണ്ണമറ്റ പ്രസിദ്ധീകരണങ്ങള്‍ വായിച്ചു തീര്‍ത്തു ഞാനും ചാച്ചനും ആ ദിവസങ്ങള്‍ അവിസ്മരണീയമാക്കി. 

അങ്ങനെ അവളെ പറഞ്ഞു വിട്ടു ഞങ്ങള്‍ ആശുപത്രിയില്‍ നിന്ന് ഇറങ്ങി നടന്ന വഴി ഇന്നും എന്റെ ഓര്‍മയില്‍ ഉണ്ട്. ഈ റബ്ബര്‍ estate കഴിഞ്ഞാല്‍ കുഞ്ഞുമ്മയുടെ വീട് എത്തുമെന്നും പറഞ്ഞു ഒരു മെഴുകുതിരി വെട്ടത്തില്‍ അന്ന് പ്രേതങ്ങള്‍ പോലും നടക്കാന്‍ മടിക്കുന്ന ആ കൂരിരുട്ടിന്റെ വഴികളില്‍ എത്ര ദൂരം നടന്നു...! പൈങ്ങോട്ടുരില്‍ നിന്നും ചാത്തമറ്റം വരെ. ആണ് ആ കുഞ്ഞു പ്രായത്തില്‍ പനിയുടെ ക്ഷീണത്തില്‍ ആ നടപ്പ് എനിക്ക് അത്ര സുഖമായിരുന്നില്ല. ചാച്ചന്‍ കഥകളും കൊച്ചു വര്‍ത്തമാനങ്ങളും പറഞ്ഞു എന്റെ ക്ഷീണം അകറ്റി. 

പിന്നെ എനിക്ക് ഓര്‍മയില്‍ ഏറ്റവും നിറഞ്ഞു നില്‍ക്കുന്ന പനി ഡിഗ്രി കാലത്തിലെ ആണ്. അന്ന് അവള്‍ എന്നെ കൂടെ കൊണ്ട് പോകാന്‍ ഒത്തിരി വാശി പിടിച്ചു. എവിടെ ചാച്ചനെ പിരിഞ്ഞു അത്ര ദൂരത്തേക്കു പോകാന്‍ എനിക്ക് മടിയായിരുന്നു. ചെന്നൈ പോലെയോ ബാംഗ്ലൂര്‍ പോലെയോ ആണോ... അന്ന് അവള്‍ടെ കൂടെ വേറെയും കൂട്ടുകാര്‍ ഉണ്ടായിരുന്നു. മീസെല്‍സും നിമോണിയയും... അന്നും ഞങ്ങള്‍ ഒരുമിച്ചായിരുന്നു.. ചാച്ചന്‍ മുകളിലത്തെ നിലയിലും ഞാന്‍ താഴത്തെ നിലയിലും... അന്ന് ആദ്യമായി എനിക്കവളോട് ദേഷ്യം തോന്നി. കാരണം പഴയത് പോലെയല്ല. ഞാന്‍ ഒറ്റയ്ക്കാണ്. എനിക്ക് ഒരു കാള്ളിംഗ് ബെല്‍ തന്നിട്ടുണ്ട്. ആവശ്യം വന്നാല്‍ ബെല്‍ അടിപ്പിച്ചാല്‍ മതി. നഴ്സിംഗ് റൂമില്‍ നിന്നും ആരേലും വന്നോളും. കണ്ണ് തുറക്കാന്‍ പോലും വയ്യ. ഇടയ്കിടയ്ക്ക് പപ്പയും മമ്മിയും വരും. പിന്നെ നാത്തൂനും. അത്ര മാത്രം. മിണ്ടാനും പറയാനും ആരുമില്ല. അമ്മ ചാച്ചന്റെ അടുത്താണ്. ചാച്ചനു operation... ഒരു മാസ്സകാലം ക്ളാസ്സില്‍ ഞാന്‍ പോയില്ല. എല്ലാ കൂട്ടുകാരെയും യാത്രയക്കിയതിന്റെ വിഷമം. അങ്ങനെ ആ പനിയും കടന്നു പോയി. പിന്നെ ഓര്‍ക്കാന്‍ ഇഷ്ടപെടാത്ത ചെന്നൈയിലെ ഒറ്റപെടലിന്റെ പനികള്‍ ആയിരുന്നു. തക്കാളി പനിയും വൈറല്‍ പനിയും ഇടയ്ക്കിടയ്ക്ക് എന്റെ ഏകാന്തതയില്‍ കൂട്ടിനു വന്നു. അവിടെ വെച്ചാണ്‌ ഞാന്‍ അവളെ ഐസ് ക്രീമും ജ്യൂസ്‌ ഉം കൊടുത്തു സ്വീകരിക്കാന്‍ തുടങ്ങിയത്. അത് കഴിച്ചു കഴിഞ്ഞാല്‍ അവളങ്ങു ഒറ്റ പോക്കു പോകും. 

അവള്‍ കാരണം എനിക്ക് മാത്രം കിട്ടിയ ഒരു ഭാഗ്യം ഉണ്ട്. കഴിഞ്ഞ പിറന്നാളിന് അവനെ കാണാന്‍ പറ്റി. അവള്‍ വന്നതുകൊണ്ട് ഞങ്ങള്‍ക്ക് കഴിക്കാന്‍ എന്തൊക്കെയോ വാങ്ങി തന്നു. bread ഉം ജാമും biscuit ഉം പിന്നെയും വേറെ എന്തൊക്കെയോ പലഹാരങ്ങളും. അവന്‍ വരുവാണെന്ന് പറഞ്ഞപ്പോള്‍ തന്നെ അവള്‍ പോകാന്‍ തുടങ്ങി. ഞങ്ങള്‍ക്കിടയില്‍ ഒരു കട്ടുറുമ്പ് ആകണ്ട എന്ന് കരുതി ആയിരിക്കാം...! നല്ല കൂട്ടുകാരി... പക്ഷെ അവനും മറ്റുള്ളവരെ പോലെ തന്നെ അവളെ ഇഷ്ടമല്ല. അത് കൊണ്ട് തന്നെയാ.. എനിക്ക് അന്ന് ആ സമ്മാനം തന്നത്. മറക്കാന്‍ പറ്റില്ല. ലോകത്തില്‍ തന്നെ ആദ്യമായിട്ട് ആയിരിക്കാം തന്റെ പ്രണയിനിക്ക് വേദനിപ്പിക്കുന്ന പിറന്നാള്‍ സമ്മാനം കൊടുക്കുന്നത്. ohh... അന്ന് കിട്ടിയ injection... അവള്‍ കാരണം ആണ്. എങ്കിലും അവളെ എനിക്ക് ഇഷ്ടമാണ്. അവള്‍ എന്റെ പനി'.

നല്ല തണുത്ത വെള്ളത്തില്‍ കുളിച്ചു  പിന്നെ ഏറെ ഇഷ്ടമുള്ള ഐസ് ക്രീമും വാട്ടര്‍ മെലന്‍ ജ്യൂസ്‌ ഉം... ഇന്നലെ എനിക്ക് പക്ഷെ വാട്ടര്‍ മെലന്‍ കിട്ടിയില്ല. സാരമില്ല ഉള്ളത് വെച്ച് അവളും കുറച്ചു ജീവിതം അഡ്ജസ്റ്റ് ചെയ്യട്ടെ. 

ഇന്ന് രാവിലെ tiger biscuit കിട്ടി, ചാച്ചന്‍ അല്ല ചേച്ചിയാണ് വാങ്ങി കൊണ്ട്  തന്നത്. അപ്പോഴേക്കും അവള്‍ പോകാന്‍ റെഡി ആയി തുടങ്ങിയിരുന്നു. എങ്കില്‍ ഒരു കട്ടന്‍ ചായ ചൂടോടെ  നല്ല മധുരത്തില്‍ കുടിച്ചിട്ട് പോകാമെന്നായി ഞാന്‍. എന്നോടുള്ള ഇഷ്ട കൂടുതല്‍ കൊണ്ടാവാം അവള്‍ എന്തായാലും സമ്മതിച്ചു. ഇനി എന്ത് പറഞ്ഞു പിരിയണം എന്ന് എനിക്കറിയില്ല. അവള്‍ക്ക് പോകാന്‍ നേരം കൊടുക്കാന്‍ എന്റെ കൈയില്‍ 'അമൃതാരിഷ്ടം' മാത്രമേ ഉള്ളു. കൂട്ടുകാരി നീ ഇന്ന് ഇതും കഴിച്ചിട്ട് മടങ്ങുക.നിന്നെ തേടി നിന്റെ വീട്ടുകാര്‍ അലയുന്നുണ്ടാവാം.

ഇനിയും ഒരുപാടുണ്ട് പനിക്കാല  വിശേഷങ്ങള്‍ തല്‍കാലം ഇത് മതി. എന്നെ പോലെ തന്നെ നിങ്ങള്‍ക്കും പങ്കു വെയ്ക്കാന്‍ ഓര്‍മ്മകള്‍ ഉണ്ടാവും. ഇനിയും ദീര്‍ഘിപ്പിച്ചാല്‍ രാഷ്ട്രിയകാരുടെ ഒരിക്കലും അവസാനിക്കാത്ത വാഗ്ദാനങ്ങള്‍ പോലെ നീളം വെയ്ക്കും. :P


Tuesday, 6 September 2011

പിരിഞ്ഞതില്ല പിന്നെ എന്തിനു വിരഹഗാനം?

"I have seen the shadows fall Colours that fade on my wall Dressed up nowhere to go It's all in my mind, I know"
ഇവിടെയെന്ത് അവിടെയും എന്ത്...?
കാലമെങ്ങോ തീര്‍ത്ത കൈവഴികളില്‍ പിരിഞ്ഞു  നാം 
ഏതോ നേര്‍ത്ത കിനാവിന്റെ വിരല്‍ത്തുമ്പിലൂടെ ഇറ്റു വീഴും 
ചുടു ചോര നമ്മുടെ ജീവിതം! 


ഇനിയെന്ത് പാടണം ഞാന്‍ പൂങ്കുയില്‍ ...
അനുരഗമീ ഗാനം വിങ്ങുന്നു ഹൃദയത്തില്‍,
അതില്‍ നീ എഴുതിയ ലിപികളില്‍ ഞാനില്ലയെന്‍ കിനാക്കളും, 
പിരിയുകയായ്  നീ എങ്കിലും, അകലത്തില്‍ പിന്നെയും ഞാന്‍ !

അകലെയായി നിന്നിലെക്കെന്റെ കാലൊച്ചകള്‍ 
നീ അറിയാത്ത ഭാവത്തില്‍ രൂപത്തില്‍ പിന്നെയും ഞാന്‍
പിരിഞ്ഞു പോയി നീ എങ്കിലും, ഈ യാത്ര പിന്നെയും നിനക്കായ്, 
ഒഴുകുന്നു ഈ സരയൂ, നിന്നിലേക്കായി...

മൌനമായി തേങ്ങുന്നതീ നീലാവോ, ഞാനോ?
പാടുന്നതെന്തിനായ് ഞാന്‍ ?
ഓര്‍മകള്‍ പാടുകയില്ല, നീയെന്‍ ഓര്‍മയല്ല
എന്തിനായി പാടണം വിരഹഗാനം, ഞാന്‍ നിന്നെ പിരിഞ്ഞതേ ഇല്ല. 




എന്റെ പ്രിയപ്പെട്ട 'മണ്ടൂസിന് '

“Love me when I least deserve it, because that's when I really need it.”
നീ എന്താണ് എന്നെ കുറിച്ച് വിചാരിച്ചിരിക്കുന്നത്? ഞാന്‍ ഒരു വായി നോക്കി ആണെന്നോ? തെറ്റി പോയി നീ എന്നെ മനസ്സിലാക്കുന്നതില്‍ വല്ലാതെ തെറ്റി പോയി... ഞാന്‍ താഴെ വീട്ടിലെ പയ്യനെ നോക്കുന്നത് അവനെ കാണുമ്പോഴൊക്കെ നീ എത്രയോ നല്ലവനാണെന്ന് എന്നെ തന്നെ  ഓര്‍മിപ്പിച്ചുകൊണ്ടിരിക്കാന്‍ വേണ്ടിയാണ്. 

നീ എന്താണ് പിന്നെയും എന്നെ കുറിച്ച് ചിന്തിക്കണതു? ഞാന്‍ കുശുമ്പി ആണെന്നോ? നീ അവളോട്‌ മിണ്ടുന്നതുകൊണ്ട് എനിക്കെന്തിനാണ്‌ കുശുമ്പ്? അല്ലേല്‍ എനിക്കെന്തിനാണ്‌ സംശയം? മണ്ടന്‍! അതാ ഞാന്‍ നിന്നെ കൂടെ കൂടെ 'മണ്ടു' എന്ന് വിളിക്കണതു. അത് കുശുമ്പും സംശയവും ഒന്നും അല്ല 'മണ്ടു'... എനിക്ക് നിന്നെ അത്ര പോലും മിസ്സ്‌ ചെയ്യണത് ഇഷ്ടമല്ലാത്തതുകൊണ്ടല്ലേ? 

ഞാന്‍ പിണങ്ങുന്നത് നിന്നെ ഇഷ്ടമല്ലാത്തതുകൊണ്ടല്ല, നിന്നെ  മിസ്സ്‌ ചെയ്യുമ്പോള്‍ എനിക്കുണ്ടാകുന്ന വേദന, അത് എന്റെ തെറ്റുകള്‍ക് ഞാന്‍ സ്വയം ഏറ്റു വാങ്ങുന്ന ശിക്ഷയാണ്... 
നീ എനിക്ക് എന്തിനാണ് അത് ജീവപര്യന്തം ആക്കി മാറ്റുന്നത്? നീ സ്നേഹിക്കുമ്പോള്‍ വീണ്ടും ഞാന്‍ വിശുദ്ധമാക്കപെടുകയില്ലേ? 

സ്നേഹം ദൈവീകമാണ്


"When I choose I choose you I choose you"...


ഞാന്‍ എത്ര  പരിശുധയാണ്...  കാരണം  നീയെന്റെ  ഹൃദയത്തിലുണ്ട്  ഇപ്പോഴും...
നീ  എന്നില്‍  അവശേഷിപ്പിച്ചു  പോയത്  നിന്റെ  സ്നേഹം  ആയിരുന്നൂ ...
സ്നേഹം ദൈവീകമാണെന്ന് സണ്‍‌ഡേ  സ്കൂളില്‍  എന്നെ  പഠിപ്പിച്ചിട്ടുണ്ട് ...
ദൈവീകമായതെല്ലാം  പരിശുദ്ധമാണത്രെ...
അപ്പോള്‍  ഞാന്‍  എത്ര പരിശുധയാണ്... 
നിന്റെ സ്നേഹം അതിപ്പോഴും  എന്റെ  ഓരോ  ശ്വാസത്തിലും  ഞാന്‍ ആവഹിക്കുന്നുണ്ട് ...
നീ പോയിരിക്കാം ... അകന്നിരിക്കാം ... എന്നെ മറന്നിരിക്കാം ...
എന്നാല്‍  നിന്നെ  പോലെയല്ല  നീ തന്ന  സ്നേഹം...
അതിതുവരെ  പോയിട്ടില്ല ... എന്നില്‍ നിന്നും  അകന്നിട്ടില്ല ...  എന്നെ മറന്നിട്ടുമില്ലാ...
എനിക്ക്  നിന്നെ വെറുക്കാനാവില്ല ... കാരണം നീ സ്നേഹമാണ്. 
നീ തന്ന സ്നേഹം അതാണ് എന്നെ പരിശുധമാക്കുന്നത് ...

Wednesday, 4 May 2011

സരസ്വതിയോട് പറഞ്ഞ കഥ


വളരെ നാളുകള്‍ക്കുശേഷം കടലാസ്സും പേനയും എടുക്കുമ്പോള്‍ എന്റെ കൈ വിറയ്ക്കുന്നുണ്ട്‌. ഞാന്‍ പÀßച്ച അക്ഷരങ്ങളും ഹൃദയത്തില്‍ കൊത്തിവെച്ച വാക്കുകളും അന്യരെ പോലെ എന്റെ മുന്നില്‍ നില്‍ക്കുന്നത്‌ കാണാം.

കുട്ടി സരസ്വതിയല്ലേ? അല്പം പരിചിത ഭാവത്തിW ഞാന്‍ ചോദിച്ചു. അതേ' എന്നവള്‍ തലകുലുക്കിയപ്പോള്‍, ബാല്യകാല സഖിയെ കണ്ടുമുട്ടിയതില്‍ എനിക്ക്‌ വല്ലാത്ത സന്തോഷം തോന്നി. ഒരുപാടു പറയാനുണ്ട്‌. വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടുമുട്ടിയതുകൊണ്ടാവാം... ആകെ അങ്കലാപ്പാണ്‌. എന്തു പറയണം? എവിടെ തുടങ്ങണം?…ആകെയോരു അങ്കലാപ്പും കുതിപ്പും.

കുറച്ചു നേരം മുന്നേ ഞാന്‍ സല്ലപിച്ചുകൊണ്ടിരുന്ന പൂക്കള്‍, അവ ഇപ്പോഴും ഞങ്ങളുടെ സമഗമത്തിനു സാക്ഷ്യം വഹിച്ചുകൊണ്ട്‌ ഇവിടെ തന്നെയുണ്ട്‌. അതെ പൂക്കളുടെ നിറമുള്ള പൂവിന്റെ കഥ തന്നെയാവട്ടെ... പൂക്കള്‍... പൂക്കളൊ?” സരസ്വതി എന്നെ നോക്കി ചോദിച്ചു. അതേ സരസ്വതി, പൂക്കള്‍... പൂക്കള്‍ തന്നെ...

ആ പൂക്കളെ നോക്കുമ്പോള്‍ എനിക്ക്‌ തോന്നും, പ്രകൃതി സ്ത്രീയുടെ പെണ്‍മയുടെ കഥ എഴുതുന്നത്‌ പൂക്കളിലൂടെയാണെന്ന്. എത്ര പിച്ചി ചീന്തപെട്ടാലും വാടീകരിഞ്ഞാലും അവള്‍ക്ക് മാത്രം കരയാനും പരിഭവപെടാനും അര്‍ഹതയില്ല. തൊടിയില്‍ വാണ്ടുകള്‍ മൂളി പറക്കുമ്പോള്‍ ചുറ്റുമുള്ള കൂര്‍ത്ത മുള്ളുകള്‍ പോലും അവളെ സംരക്ഷിക്കാറില്ല. അവളെ സ്നേഹിക്കുന്നവര്‍ പോലും ആ ജീവന്‍ അടര്‍ത്തിയെടുത്തങ്ങനെ പോകും.

സരസ്വതി എന്റെ നെടുവിര്‍പ്പുകള്‍ക്ക് മറുപടിയൊന്നും പറഞ്ഞില്ല; പകരം ഒരു നിശ്വാസത്തിന്റെ താളം എനിക്ക്‌ ചുറ്റും അലയടിക്കും പോലെ തോന്നി. എനിക്ക്‌ മാറ്റമൊന്നുമില്ലെന്ന് അവള്‍ ചിന്തിക്കുന്നുണ്ടാവും. തത്വചിന്തകളും വായാടിത്തരവുമൊക്കെയായി ഞാന്‍ പഴയ അഹല്യയായി മാറുകയായിരുന്നു. 'അഹല്യ' എന്ന പഴയപോട്‌ എനിക്ക്‌ അസഹ്യമാണെങ്കിലും ഞാന്‍ 'അഹല്യ'-യെ ഇപ്പോഴും സ്നേഹിക്കുന്നുണ്ട്‌.

സ്ത്രീയും പെണ്‍മയും പൂക്കളുമെല്ലാം പെട്ടെന്ന് വാക്കുകളില്‍ നിന്ന് അപ്രതീക്ഷ്യമായതൊണ്ടാവാം, സരസ്വതി എന്നെ ഒന്നു ഇരുത്തി നോക്കി. ഞാന്‍ വീണ്ടും കഥ തുടങ്ങി... അവനും, ആ പൂവും എന്റെ സ്വപ്നത്തിലാണ്‌ വന്നത്‌. പിന്നെ കണ്‍മുന്നിലെ യഥാര്‍ഥ്യങ്ങളില്‍ കഥ മാറ്റിയെഴുതപെടുകയായിരുന്നു…

ആ പൂവിനും അവനുമിടയില്‍ പുതിയ സന്തോഷത്തിന്റെ മൊട്ട് പോലെ ഒരു കുഞ്ഞു പൂമൊട്ട്. ആ പൂവിന്റെ ലാളനാവും അവന്റെ സ്നേഹസംരക്ഷണവും ഏറ്റു വാങ്ങുന്ന കുഞ്ഞു പൂമൊട്ട്... ആ സ്വപ്നം അവസാനിക്കാതിരുന്നെങ്കില്‍... നേരം പുലരാതെയിരുന്നെങ്കില്‍... രാത്രി വിടപറയാതെയിരുന്നെങ്കില്‍... എന്റെ ഹൃദയം ഉറക്കത്തിലും മന്ത്രിച്ചിട്ടുണ്ടാവാം...

ഞാന്‍ സരസ്വതിയുടെ മുഖത്തേക്ക്‌ ഒന്നു പാളി നോക്കി.

വിരസതയുടെ വിയര്‍പ്പുത്തുള്ളികള്‍ അവളുടെ മുഖത്തില്ലെന്ന് കണ്ടപ്പോള്‍ പറയാന്‍ എനിക്ക്‌ വീണ്ടും ആവേശമായി.

കുറച്ച്‌ നാളുകള്‍ക്ക് ശേഷം അവരെ കിനാവില്‍ നിന്ന് അടര്‍ത്തിയെടുത്തതുപോലെ ജീവിതത്തില്‍ ഞാന്‍ കണ്ടുമുട്ടുകയായിരുന്നു. അന്ന് ഞാന്‍ എന്റെ ഫാംവില്ലയുടെ അടുത്തുള്ള തൊടിയില്‍ പൂക്കളോടും വണ്ടുകളോടും സല്ലപിച്ചിരിക്കുമ്പോഴാണ്, അവനവിടെ ചുറ്റി പറ്റി നില്‍ക്കുന്നത്‌ കണ്ടത്‌. അവനെ കരിവണ്ടിനോടുപമിക്കാനാണ്‌ എനിക്ക്‌ തോന്നിയത്‌. എങ്കിലും ആ കുസൃതികണ്ണുകളും; സ്വപ്നത്തിലെ അവന്റെ പ്രതിരൂപവും എന്നെ താക്കീത്‌ ചെയ്തു. അവനെ അങ്ങനെ ഞാന്‍ വെറുതെ വിട്ടതില്‍ സരസ്വതിക്ക്‌ എതിരഭിപ്രായാമുണ്ടെന്നും ഇല്ലെന്നും അവള്‍ പറയാത്തത്‌ എന്നെ കുറച്ചു നേരം നിശബ്ദായാക്കി. എങ്കിലും അവളിലെ കേള്‍വിക്കാരി... എന്റെ പരിഭവങ്ങളെ അക്ഷരങ്ങളാക്കി വാര്‍ത്തിയെടുക്കുമ്പോലെ തോന്നി. വീണ്ടും ഞാന്‍ കഥ പറയാന്‍ ആരംഭിച്ചു.

കഥ തൊടിയില്‍ തുടരുകയാണ്‌...

അവന്‍ ആ തൊടിയില്‍ പരതി പരതി നടക്കുന്നുണ്ട്‌. അവന്റെ കണ്ണുകള്‍ എന്തിലോ ഉടക്കി നില്‍ക്കുന്നത്‌ കണ്ടിട്ടാണു ഞാനും അങ്ങോട്ട്‌ നോക്കിയത്. അതു ആ പൂവായിരുന്നു. എന്റെ സ്വപ്നത്തിലെ അതേ പൂവ്‌. സ്വപ്നത്തിലേക്കാളും അവള്‍ സുന്ദരിയായിരുന്നു. ഒരു കൌമാരകാരിയുടെ പ്രസരിപ്പും യൌവ്വനത്തിന്റെ തുടിപ്പുമെല്ലാം ചേര്‍ന്ന ഒരു പെണ്‍കുട്ടിയെ പോലെ. എങ്കിലും തൊടിയിലെ മറ്റു പൂക്കളേക്കാളും അവള്‍ അത്ര സുന്ദരിയൊന്നും അല്ല. നല്ല ഒരുപാടു പൂക്കളില്‍ ഒന്നു മാത്രം. പുഴുക്കുത്തേറ്റ ഒരു ചെടിയിലെ ഒരു പൂങ്കുല. അതില്‍ ഒന്നു പൊഴിഞ്ഞടര്‍ന്നു വീണു കിടപ്പുണ്ട്. ഒരെണ്ണം വാടി തളര്‍ന്നും, പിന്നെ രണ്ടെണ്ണം പുഞ്ചിരിക്കാതെയും, തൊടിയില്‍ ആണെങ്കിലും ആ ചെടി താങ്ങും തണാലുമില്ലാതെ ഒറ്റപെട്ടു നില്‍ക്കുംപോലെ എനിക്ക്‌ തോന്നി. അവരുടേതായ ലോകത്ത് മാത്രം. അടര്‍ന്നു വീഴറായ ചില്ലയില്‍ അവര്‍ കാറ്റത്തും വെയിലിലും മഴയിലുമെല്ലാം പരസ്പരം താങ്ങും തണലുമായി മൂളി പറക്കുന്ന കരിവണ്ടുകള്‍ക്കിടയില്‍ നിന്നും രക്ഷപെട്ടിരുന്നു.

അവരുടെ കൊച്ചു കൊച്ചു സന്തോഷങ്ങളും ഇമ്മിണി വല്ല്യ വേദനകളും നിറഞ്ഞ ഒരു കുഞ്ഞു തുരുത്ത്‌. എന്തിനാണാവോ അവന്‍ അവിടെക്കു തന്നെ ഉറ്റു നോക്കുന്നത്‌. എന്റെ ഹൃദയം പട പട ഇടിക്കുകയാണ്‌. ശബ്ദം ഉണ്ടാക്കാതെ ഞാന്‍ മെല്ലെ അവന്റെ പിന്നില്‍ നിന്നു. ഒരു പക്ഷെ ശ്രദ്‌ധിച്ചാല്‍ അവന് കേള്‍ക്കാമായിരിക്കും എന്റെ ഹൃദയമിടിപ്പിന്റെ ശബ്ദം. ആ വികൃതി കണ്ണുകള്‍ക്കു മുന്നില്‍ പെടാതിരിക്കാന്‍ ഞാന്‍ പണിപെടുന്നുണ്ടായിരുന്നു. അത്രയും പറഞ്ഞു നിര്‍ത്തി നോക്കുമ്പോള്‍ കണ്ടു സരസ്വതി എന്റെ മുഖത്തേക്കു തന്നെ ഉറ്റ് നോക്കിയിരിക്കുകയാണ്. അവളുടെ കണ്ണില്‍ ആകാംക്ഷയുടെ കാളിമ പടര്‍ന്നു നില്‍പ്പുണ്ട്. എനിക്കവളോട്‌ പരിഭവം തോന്നി; ഇത്രയും കാലം എന്നെ തേടി വരാതിരുന്നതില്‍... പൂര്‍ണ്ണമായ അര്‍ത്‌ഥത്തില്‍ ശരിയല്ലെങ്കിലും, ഞാനും അവളെ തേടിയില്ലെന്ന് പറഞ്ഞാല്‍ പകുതി സത്യമാണ്‌. ജീവിതം തിരക്കിട്ടോടുകയായിരുന്നു. ഈ ഓരോ കഥകള്‍ക്കു പിന്നിലും എന്റെ സമയവും സഹനവും ഉണ്ടായിരുന്നു. അപ്പോഴെല്ലാം സരസ്വതിയെന്ന ഈ സഖിയെ ഞാന്‍ തേടിയിരുന്നു. ഇവള്‍ക്കല്ലാതെ എന്റെ വിഹൂതികള്‍, പരിഭവങ്ങള്‍, പരാതികള്‍, നെടുവീര്‍പ്പുകള്‍ എല്ലാം അക്ഷരങ്ങളായി അടര്‍ത്താന്‍ ആര്‍ക്ക്‌ കഴിയും?.

അവളേയും കെട്ടി പിടിച്ചു അങ്ങനെ ആ തോളത്ത്‌ തലയമര്‍ത്തി വയ്ക്കുമ്പോള്‍ ഏതു പ്രതിസന്‌ധികളിലും സങ്കടങ്ങളുടെ കെട്ടിറക്കി വെയ്ക്കാന്‍ ഒരു അത്താണി കൂടെയുണ്ടെന്ന് തോന്നും.

അഹ്... ആ കണ്ണുകളില്‍ ആകാംക്ഷ തളംകെട്ടി കിടപ്പുണ്ട്. എങ്കിലും കഥയ്ക്കിടെ അല്പം മൌനം നല്ലതാണെന്നു അവള്‍ തന്നെ പറയാറുണ്ട്‌. കഥയുടെ സാരാംശം, കഥാപാത്രത്തിന്റെ വികാരത്തിന്റെ തീവ്രത ഇവയെല്ലാം പറഞ്ഞു തീര്‍ക്കരുതെന്നാണ് അവളുടെ പക്ഷം. ഒരു പക്ഷേ എന്റെയും. എന്തിനും ഏതിനും അക്ഷരങ്ങള്‍ പെറുക്കിയെറിയുന്ന എനിക്ക്‌ ഒരു പക്ഷവുമില്ലെന്നാണ് അവള്‍ പറയുക.

ഹ്... അവന്റെ പിന്നില്‍ ഹൃദയമിടിപ്പോടെ ഞാന്‍ പതുങ്ങി നില്‍ക്കാന്‍ തുടങ്ങിയിട്ട്‌ കുറച്ചു നേരം ആയി... അവിടെ എന്താണു സംഭവിക്കുന്നതെന്നറിയാന്‍ സരസു എന്നെ പുരികമുയര്‍ത്തി നോക്കുന്നുണ്ട്‌.

സരസുവിന്റെ മുഖത്ത്‌ അല്പം പേടിയുണ്ടെന്നു എനിക്ക്‌ തോന്നി. അവന്‍ ആ പൂവിനെ പിച്ചി ചീന്താന്‍ പോകുവാണെന്ന് അവള്‍ കഥ മെനഞ്ഞിട്ടുണ്ടാവും.

"എന്റെ സരസു നീ ധൃതി വെയ്ക്കാതെ എനിക്കല്‍പ്പം സാവകാശം താ... ഞാനങ്ങു പറയട്ടെ." എന്റെ മനസ്സ്‌ വായിച്ചിട്ടാവണം അവള്‍ ശാന്തമായി.

വീണ്ടും ഞാന്‍ തൊടിയിലേക്ക് പോയി...

"അതൊരു പാവം പൂവ്‌..." അവനാ പൂവിനെ ചുറ്റി നടന്നിട്ട് നെടുവീര്‍പ്പിടുകയാണ്‌. അവന്റെ മനസ്സില്‍ നന്മയുണ്ടെന്ന് ഞാന്‍ ആശ്വസിച്ചു. അവന്റെ കണ്ണുകളില്‍ വികൃതി തരം ഉണ്ടെന്നു വിലയിരുത്തിയതില്‍ എനിക്ക്‌ കുറ്റ ബോധം തോന്നി. ഞാന്‍ മെല്ലെ തിരിച്ചു നടന്നു.

വിരസതയുടെ സമയങ്ങളില്‍ തൊടിയിലേക്കുള്ള നടത്തം എന്റെ ജീവിതചര്യയുടെ ഭാഗമാണ്‌. ഇപ്പോഴാണെങ്കില്‍ ആ തുരുത്തിലെ ഒറ്റ ചെടിയും അതിലെ പൂക്കളും, പിന്നെ ഇടയ്ക്കിടയ്ക്കുള്ള അവന്റെ വരവും. അവനിതുവരെ എന്നെ കണ്ടിട്ടില്ല. അവന്റെ ഓരോ വരവും എനിക്ക്‌ മനഃപാമാണ്‌.

പിന്നെയൊരിക്കല്‍ ഞാന്‍ കാണുമ്പോള്‍ അവനവളുടെ ബോട്ടാനിക്കല്‍ നെയിം പടാച്ച്‌ ഉരുവിടുകയാണു. എനിക്കുറക്കെ ചിരിക്കാന്‍ തോന്നി... ഹി ഹി ഹി ഹി...അവന്റെ പനവും ആ പൂവിന്റെ നാണവും... പറഞ്ഞു കഴിഞ്ഞു ഞാന്‍ തലയുയര്‍ത്തി നോക്കി. സരസ്വതി എന്നെ തുറിച്ചു നോക്കുന്നുണ്ട്‌. എന്റെ വാക്കുകള്‍ അല്പം ക്രൂരമായോ? ഞാന്‍ എന്നോട്‌ തന്നെ ചോദിച്ചു.

സരസ്വതി... ഞാനാ പൂവിന്റെ മുഖത്ത്‌ നാണമെന്നു ഉദ്ദേശിച്ചത്‌ സന്‌ദര്‍ഭവശാല്‍, അവളുടെ മുഖത്ത്‌ വെയില്‍ ചാര്‍ത്തിയ കുങ്കുമനിറമാണ്‌. അല്ലാതെ... ഇല്ല; അവള്‍ ഒരു പാവം പൂവാണ്. ആ തുരുത്തിലെ ചിരിക്കാനറിയാവുന്ന ഒരേയൊരു പൂവ്‌. എനിയ്ക്കറിയാം എന്റെ സരസ്വതിക്ക്‌ പൂക്കളെ കളിയാക്കുന്നത്‌ ഇഷ്ടമല്ല.

"ആ പൂവേതാണ്?" കുറച്ചു നേരമായി ആ പൂവ്‌ ഈ പൂവ്‌ എന്നൊക്കെ പറയുന്നതല്ലാതെ, സത്യം പറയല്ലോ ഒന്നും ശരിക്കും മനസിലാവാണില്ല.' ... ഓഹ്... ഇത്രയും നേരം ഞാന്‍ ഭയപ്പെട്ടിരുന്ന ചോദ്യവും, പ്രസ്താവനയും സരസുവിന്റെ അടുത്തു നിന്നും വന്നു കഴിഞ്ഞു. എന്റെ സരസ്വതി, പറയാന്‍ മറന്നതല്ല, നമ്മള്‍ പണ്ട് കണ്ടതില്‍ പിന്നെ എനിക്ക്‌ ഒരുപാടു മാറ്റങ്ങള്‍ വന്നു. പഴയതുപോലെ ആരോഗ്യവതിയൊന്നുമല്ല.

കണ്ണിനാകെ മൂടല്‍ ആണ്. പൊട്ടിയ കണ്ണടയും മങ്ങിയ കാഴ്‌ചകളും- ആ പൂവിന്റെ നിറം പോലും എനിക്ക്‌ സംശയമാണു. ചിലപ്പോള്‍ തോന്നും തൂവെള്ള നിറമാന്നെന്ന്, ഒരു പരിശുദ്‌ധി. ചിലപ്പോള്‍ തോന്നും, വഴിയിലെ ചെളിവെള്ളത്തിന്റെ നിറമാണെന്ന്. മറ്റു ചിലപ്പോള്‍ കണ്ണ്നീരുപോലെ നിറമില്ലെന്ന്. വേറെ ചിലപ്പോള്‍ ചെമപ്പ് നിറമാണെന്ന്, ചോരയുടെ നിറം. എങ്കിലും അവളെ എനിക്കറിയാം. സ്വപ്നത്തിലെ അതേ മണമാണ്- ആ പൂവിനു.

അവന് മണമില്ല, ഭാവങ്ങളാണ്‌. ആ ഭാവങ്ങളിലൂടെയാണ് അവനെ ഞാന്‍ തിരിച്ചറിയുന്നത്‌.

"എന്നിട്ട്?" സരസു കഥയിലായി കഴിഞ്ഞെന്നു എനിക്ക്‌ തോന്നി. എന്നിട്ടെന്താ,... അവന്‍ ആ പൂവിനെ തേടി വരാനും സല്ലപിക്കാനും തുടങ്ങി. തൊടിക്കപ്പുറത്തുള്ള ലോകത്തിലെ വാര്‍ത്തകളും കൊച്ച് വര്‍ത്തമാനവുമൊക്കെയായി അവന്‍ നിത്യസന്‌ദര്‍ശകനായി. ഞാനാകട്ടെ എല്ലാത്തിനും മൂകസാക്ഷി!

സമയം കൊഴിഞ്ഞു വീണു... ഒപ്പം അവനും ആ പൂവിനും തമ്മിലുള്ള അകല്‍ച്ചയും... ഒരിക്കല്‍ പൂങ്കുലയിലെ മറ്റു പൂവുകള്‍ക്കിടയില്‍ നിന്ന് അവള്‍ തലയുയര്‍ത്തി നോക്കുന്നത്‌ കണ്ടു. അകലെ അവന്റെ വരവു കണ്ടപ്പോള്‍ തന്നെ പഴയതുപോലെ അവള്‍ നിലയുറപ്പിച്ചു. കാഴ്ചക്കാരിയായ എന്റെ ചുണ്ടില്‍ ചിരി പടര്‍ന്നു. ഒരു പ്രണയ കഥ പോലെ തോന്നി.

ഒരു ദിവസം അവന്‍ ഒരു കവിതയുമായി വന്നു. ആ പൂങ്കാവനത്തിലെ തനിക്കേറ്റവും പ്രിയപ്പെട്ട ആ പൂവിനെ കുറിച്ചാണി കവിതയെന്ന് അവനുറക്കെ പ്രസ്താവിക്കുന്നത്‌ കേട്ടപ്പോള്‍ വെയിലേറ്റ് തുടുത്തതുപോലെ അവളുടെ ഇതളുകള്‍ വീണ്ടും കുങ്കുമനിറം ചൂടി. കവിത കേട്ട എനിക്ക്‌ ചിരിയാണ് വന്നത്‌. ബ്രിട്നി സ്പിയേര്‍സിന്റെ ലക്കി സിമ്‌സ് റ്റു- ആ സൂപ്പര്‍ ഹിറ്റ് സോങ് ആണ് ചെറുക്കന്റെ കവിത. കൊള്ളാംചെറുക്കാന്‍ ആളു മോശമില്ലെന്ന് എനിക്ക്‌ തോന്നി. അവന്‍ പോയി കഴിഞ്ഞപ്പോള്‍ തൊടിയിലാകെ മുറു മുറുപ്പ്‌ കേള്‍ക്കാം. തുമ്പിയും പൂമ്പാറ്റയും ചോനനുറുമ്പും എല്ലാം വന്നിട്ടുണ്ട്‌. "പൂവേ... നീ അവനെ വിശ്വസിക്കരുത്‌. ചതിയാനാണ്‌. നിന്റെ ജീവനടര്‍ത്തിയെടുക്കാന്‍ വന്ന വിരുതനാണ്‌" എല്ലാവരും മാറി മാറി പറയുന്ന ശബ്ദം.

പൂവാകട്ടെ നിശ്ശബ്ദം എല്ലാവരെയും ഒന്നു പാളി നോക്കി. ആ നോട്ടത്തില്‍ എന്തായിരുന്നെന്ന് എനിക്കറിയില്ല. "ഈ കാറ്റും വെയിലും മഴയും മഞ്ഞുമെല്ലാം കൊണ്ട്‌ ഒറ്റയ്ക്ക് വളര്‍ന്ന എനിക്ക്‌ എവിടുന്നു വന്നു ഈ പുതിയ സംരക്ഷകര്‍? എത്ര കരി വണ്ടുകള്‍ മൂളി പറന്നിട്ടും എന്റെ ഒരിതള്‍ എങ്കിലും തൊടാനായോ? പിന്നെയല്ലേ ഒരു വികൃതി ചെറുക്കന്‍?" അവളുടെ നിശ്ശബ്ദമായ നോട്ടത്തിന്റെ ശബ്ദകോലാഹലം തൊടിയിലാകെ അലയടിച്ചെന്ന് തോന്നി. ഇല്ലെങ്കില്‍ ആരും നിശബ്ദരാവേണ്ടതില്ലല്ലോ!

അവരുടെ വാക്കുകള്‍കേട്ടപ്പോള്‍ എന്റെ മനസ്സില്‍ ഭീതിയുയര്‍ന്നു. ചുറ്റുവട്ടത്തിലുള്ള ഒട്ടുമിക്ക തൊടിയിലും സന്‌ദര്‍ശകരാണു ഈ തുമ്പിയും പൂമ്പാറ്റയും ചോനനുറുമ്പും. എനിക്ക്‌ അവനെ കുറിച്ചു അവരോട്‌ ചോദിക്കണമെന്നുണ്ട്‌. അവനെന്തിനാണ്‌ ഈ പൂവിനെ മാത്രം ചുറ്റി നടക്കുന്നതെന്ന് അറിയണമെന്നും. തീര്‍ത്തും അപരിചിതരായ എന്റെ ചോദ്യങ്ങള്‍ക്ക് അവരൊന്നും മിണ്ടിയില്ല.

"അതിനര്‍ത്ഥം?" എന്റെ സരസു നീ ഒന്നു മിണ്ടാതിരി. ഞാന്‍ കഥ പറയട്ടെ, അതിനു പ്രത്യേകിച്ച്‌ അര്‍ത്ഥമൊന്നുമില്ല, ഞാന്‍ കഥ കണ്ടു തന്നെ തീര്‍ക്കണം അത്ര തന്നെ."

ഭാഗ്യം സരസ്വതി പിണങ്ങിപ്പോയില്ല. എങ്കിലും അവള്‍ക്കി സസ്പെന്‍സ് താങ്ങാനാവുന്നില്ലെന്ന് എനിക്ക്‌ തോന്നി. ഒറ്റ ഡയലോഗില്‍ കഥ പറഞ്ഞു തീര്‍ക്കാം. അപ്പോള്‍ ആ പാവം പൂവിനോട് എനിക്ക്‌ നീതി പുലര്‍ത്താനാവില്ല.

പറഞ്ഞു തീര്‍ന്നപ്പോള്‍ കൈയില്‍ ഒരു തണുപ്പന്‍ സ്പര്‍ശനം... സരസ്വതി എന്റെ കൈകളില്‍ പിടിച്ചതാണ്. അവളുടെ കണ്ണും കൈയും ചുണ്ടും എന്നോട്‌ ഒരുപോലെ മന്ത്രിച്ചു, നീ എത്ര വേണമെങ്കിലും സമയമെടുത്തു പറഞ്ഞോളൂ... കഥ തീരുംവരെ ഞാന്‍ ഉറങ്ങില്ല.

അവളുടെ കൈങ്ങോട്ടില്‍ തലച്ചേര്‍ത്തുവെച്ചു കിടക്കുമ്പോള്‍ തൊട്ടടുത്ത്‌ ചാച്ചാന്‍ ഉണ്ടെന്നു തോന്നി. എന്റെ നെറുകയില് മെല്ലെ തലോടുന്നുണ്ടെന്നും. ഞങ്ങള്‍ക്കിടയില്‍ ഒരു കനത്ത നിശബ്ദത പെട്ടെന്നു തളം കെട്ടി. അറിയാതെ ഞാന്‍ ഏതോ അഗാധതയിലേക്കാഴ്‌ന്നു പോകും പോലെ...

കണ്ണമര്‍ത്തി തിരുമ്മി ഉറക്കത്തില്‍ നിന്ന് എഴ്ന്നേറ്റപ്പോഴും സരസ്വതി എന്റെ നെറുകയില്‍ തലോടുന്നുണ്ട്‌. വളരെ വര്‍ഷങ്ങളുടെ ഇടവേള ഞങ്ങളുടെ സ്നേഹത്തിന്റെയും സൌഹൃദത്തിന്റെയും ആഴത്തിനു മാറ്റം വരുതിയിട്ടില്ലെന്ന് ഞാന്‍ തിരിച്ചറിയുകയായിരുന്നു. പകരം ഒരു പക്വത വന്നിട്ടുണ്ട്‌. എനിക്കല്ല; അവള്‍ക്ക്.

നീയെന്താ ഉറങ്ങാത്തത്‌?" പെട്ടെന്നു തന്നെ സരസു മറുപടി പറഞ്ഞു. "നിന്റെ കഥ കേള്‍ക്കാന്‍ നീയുണരുന്നതും നോക്കി ഞാനിരിക്കുകയായിരുന്നു."

'നമ്മള്‍ക്കിടയിലെ വര്‍ഷങ്ങളുടെ അകല്‍ച്ച തീര്‍ക്കാന്‍ നീ കണ്ടെത്തിയ മാര്‍ഗം..." പറഞ്ഞു തീരുന്നതിനു മുന്നെ സരസ്വതി ഇടയ്ക്ക് കയറി, "നിന്റെ കണ്ടുപിടിത്തം കൊള്ളാം. എങ്കിലും നിനക്കു തെറ്റുപറ്റി. ചെറിയ വാക്കുകളില്‍ വലിയ അര്‍ത്ഥങ്ങള്‍ കണ്ടെത്താന്‍ ശ്രമിക്കുന്നത്‌ നിന്റെ ജന്മസിദ്ധമായ കഴിവാണെന്ന് അവള്‍ വിളിച്ചു പറഞ്ഞപ്പോള്‍ പൊതുവേ സെന്‍സിറ്റിവായ ഞാന്‍ കഥ നിര്‍ത്താന്‍ തന്നെ തീരുമാനിച്ചു. എന്നെ മനസിലാക്കിയിട്ടാവാം സരസു വാചാലമായി. എന്റെ കേള്‍വിക്കാരി മാത്രമായിരുന്ന സരസു വാചാലമായപ്പോള്‍ ഞാനതിശയിച്ചു പോയി. ഇവള്‍ക്കിത്ര നന്നായി സംവദിക്കാന്‍ അറിയുമോ?

"നീ കഥ പറയൂ, ആ കഥ കേള്‍ക്കാന്‍ വേണ്ടിയാണ് നീയുണരുന്നതും നോക്കി ഞാനുറങ്ങാതെ കാത്തിരുന്നത്‌." സരസ്വതിയുടെ വാക്കുകള്‍ക്ക് എന്നെ കഥ പറയിക്കാനുള്ള ഉര്‍ജ്ജസ്വലതയും ആര്‍ജ്ജവത്തവും ഉണ്ടായിരുന്നു.

വീണ്ടും തൊടിയിലെ കാഴ്ചകള്‍... എന്റെ മനസ്സും തൊടിയിലേക്ക് പാഞ്ഞു... വാക്കുകളും.

അതെ ഇന്നും അവന്‍ വന്നിട്ടുണ്ട്‌. ഇന്നു കൈയില്‍ കവിതയില്ല, വാഗ്ദാനത്തിന്റെ പ്രകടന പത്രികയാണെന്ന് തോന്നുന്നു. ഒരു കുതികാല്‍ വെട്ടുകാരനായ രാഷ്ട്രീയകരന്റെ ഭാവമുണ്ടെന്നാണ്‌ എനിക്ക്‌ തോന്നുന്നത്‌. അവനെന്താ പറയുന്നതെന്ന് നോക്കാം.

"പൂവേ, ഇതാ നോക്കൂ... നിന്നെ ഞാനെന്റെ കൂടെ കൊണ്ട്‌ പോകട്ടെ? എന്നും നിന്നെ കാണാന്‍ ഞാന്‍ വരുന്നതില്‍ മറ്റു പൂവുകള്‍ക്കെല്ലാം കുശുമ്പുണ്ട്‌." അവളുടെ പുഷ്പദലങ്ങള്‍ക്കിടയില്‍ പ്രതീക്ഷയുടെ പച്ചിലനാമ്പ്‌ വിടര്‍ന്ന പോലെ തോന്നിയെനിക്ക്‌.

അവന്‍ പറഞ്ഞു കൊണ്ടേയിരിക്കുകയാണു... "നോക്കൂ... എത്രാനാളിങ്ങനെ, ഈ ചില്ലയില്‍, അതും പുഴുക്കുത്തേറ്റ ചെടി. വേണമെങ്കില്‍ നിന്നെ ഞാന്‍ അടര്‍ത്തിയെടുക്കാതെ എടുക്കാം. നിനക്കു വേദനിക്കാതെ... എന്റെ തോട്ടത്തിലെ പൂക്കളുടെ രാജകുമാരിയാവാം. അവിടെ പുതിയൊരു ചെടിയായി... കുഞ്ഞു പൂമൊട്ടുകളുമായി..."

ഞാനാകാംക്ഷയോടെ അവളെ നോക്കി... അനുരാഗത്തിന്റെ കുളിര്‍ത്തെന്നല്‍ ആ പൂവിനെ സ്പര്‍ശിച്ചതാവാം... ആ പൂവിതള്‍ അവന്റെ നെഞ്ചോടു ചേര്‍ന്നു എന്തോ എഴുതും പോലെ... 'നിനക്കായ്‌..."

തൊടിയിലെപ്പോഴാണ് ഈസ്റ്റ്‌ കോസ്റ്റ്‌ വിജയന്റെ ആല്‍ബം റിലീസ്സ് ചെയ്തെന്ന് ചിന്തിച്ചു നിന്നപ്പോള്‍ ഞാന്‍ കണ്ടു.. അവനവളുടെ നെരുകയില്‍ ചുംബിക്കുന്നു... കണ്ണുകളിലും... ചുംബനം! ഞാന്‍ എന്റെ കണ്ണുകള്‍ ഇരുക്കിയടച്ച്. പൂവേ, നിന്റെ നിറമേതാണു... അനുരാഗത്തിന്റെ ചെമപ്പോ, അതോ ചോരയുടെ ചെമപ്പോ? എനിക്ക്‌ തിരിച്ചറിയാനാവുന്നില്ല.

ഞാന്‍ തളര്‍ന്നു പോയി, അവളുടെ വെള്ള നിറമുള്ള ഇതളുകളില്‍ ചെമപ്പ് നിറം. എനിയ്ക്‌ വല്ലാത്ത പരവേശം തോന്നി. തൊണ്ട വറ്റി വരണ്ടതു പോലെ. അന്നവന്‍ പിരിയുമ്പോള്‍ കണ്ണുകളില്‍ വിട്ടു പിരിയാനാവാത്ത വിധം തമ്മിലടുത്ത ഭാവമാണ്‌ ഞാന്‍ കണ്ടത്‌.

പിന്നെയും അവന്‍ വന്നു. നീ എന്റേതു മാത്രമാണെന്ന് അവനവളുടെ ഇതളുകളില്‍ കോറിയിട്ടു.പൂവിനും സംസാരിക്കാനറിയാമെന്നും പ്രണയമുണ്ടെന്നും ഞാന്‍ മനസിലാക്കിയത് അവളിലൂടെയാണ്. അവന്റെ കാലൊച്ച കേള്‍ക്കാന്, മൃദുസ്പര്‍ശമേല്‍ക്കാന്‍ അവള്‍ പതിവിലും ഉല്ലസവതിയായി പാതോയോരത്തേക്ക്‌ എന്നും ഉറ്റ്നോക്കുണുണ്ടെന്നു എനിക്ക്‌ തോന്നി. തോന്നിയതല്ല, ആ ചില്ല പാതയോരത്തേക്ക്‌ വളഞ്ഞാണു നില്കണത്‌.

ഞാന്‍ കാണുകയായിരുന്നു. ഇപ്പോള്‍ അവന്റെ വരവു കുറഞ്ഞോന്ന് സംശയം. ഇന്നവന്‍ വന്നില്ല. ഇന്നലയും കണ്ടില്ല. പൂവിന്റെ മുഖത്ത്‌ ഒരു തളര്‍ച്ച.

ഹാവൂ.. വരുന്നുണ്ട്‌. അവന്റെ മുഖത്ത്‌ അത്ര പ്രസരിപ്പില്ല. വാചാലത കുറഞ്ഞത് പോലെ. അവനവളെ ഒന്നു തലോടി. എന്തൊക്കെയോ പറയുന്നുണ്ട്‌. അവന്റെ ഭാവം കണ്ടപ്പോള്‍ കോതമംഗലത്ത് പോകുമ്പോള്‍ ചെറിയപള്ളിയുടെ ഭണ്ടാരത്തില്‍ നേര്‍ച്ചയിടുന്നതാണു എനിക്കോര്‍മ്മ വന്നത്‌. ഭക്തിയുടെ അതി പ്രസരമല്ല. ചില ശീലങ്ങള്‍ അങ്ങനെയാണ്.

അവന്റെ കൈയില്‍ എന്താണു? ഞാന്‍ ഉറ്റ് നോക്കി. ചെമപ്പ് നിറം. എന്റെ കണ്ണുകള്‍ പിടിക്കുന്നില്ല. അപ്പോഴാണ് തുമ്പി പറഞ്ഞത്, "അതു അവളുടെ ഇതളുകള്‍ പൊഴിച്ചെടുത്തതാണു."

"അവള്‍ക്ക് വേദനിച്ചില്ലെ?" ഞാന്‍ ചോദിച്ചു.

"പിന്നെ വേദാനിക്കാതെ?..." തുമ്പി തിരിച്ചു ചോദിച്ചു.

"അവന്‍ വേദനിപ്പിക്കില്ലാന്ന് സത്യം ചെയ്ത്‌ പറയുന്നത്‌ ഞാന്‍ കെട്ടതാണല്ലോ' എന്നു ഞാന്‍.

"ഹും... അവനാæ{Þരു തരികിടയാ," പറഞ്ഞിട്ട്‌ തുമ്പി പറന്നു.ഒരു അശരീരി പോലെ തുമ്പിയുടെ വാക്കുകള്‍ എന്റെ മനസ്സില്‍ മുഴങ്ങി കേട്ടു, എനിക്ക്‌ വേദന തോന്നി. വല്ലാത്ത ആത്മസംഘര്‍ഷം. അവളെ രക്ഷപെടുത്തണം. അവള്‍ വേദനിച്ചു കൂടാ... ആ ചിരി നിലച്ചു കൂടാ... പറയുക തന്നെ, നേരിട്ട് എല്ലാം അവളോട്‌ പറയുക തന്നെ.

എന്റെ വാക്കുകള്‍ അവള്‍ ചിരിച്ചാണ്‌ തള്ളിയത്. "എന്റെ ഇതാളുകള്‍ ഒന്നായ് കൊഴിഞ്ഞില്ലാതായാലും അവനെ സ്നേഹിക്കുന്നത് നിര്‍ത്താന്‍ എനിക്കാവില്ല... അതാണു പൂക്കള്‍..."

ആ പൂവിനെ ഉറ്റു നോക്കുമ്പോള്‍ എന്റെ വികാരം എന്തായിരുന്നെന്ന് ഇപ്പോഴും എനിക്കറിയില്ല. എങ്കിലും അവളെ തൊട്ടു നോക്കണമെന്ന് എനിക്കുണ്ടായിരുന്നു. അവളുടെ നിറം അനുരാഗത്തിന്റെ ചെമപ്പോ, ചോര പടര്‍ന്ന ചെമപ്പോ? എനിക്ക്‌ മനസ്സിലാവുന്നില്ല.

അവന്‍ വീണ്ടും വന്നു. വീണ്ടും ഒരിതള്‍ കൊഴിഞ്ഞു. അവ്യക്തമായി അവന്റെ സ്വരം ഞാന്‍ കേട്ടു; "കാറ്റും വെയിലും മഴയും മഞ്ഞും എല്ലാം സഹിച്ച നിനക്കു ഈ വേദന ഒന്നുമല്ലെന്ന് എനിക്കറിയാം, എനിക്ക്‌ ബലിയര്‍പ്പിക്കാന്‍ നിന്റെ ഈ ഇതളുകള്‍ തരൂ... നിന്റെ സ്നേഹത്തിന്റെ പ്രതീകമായി. എന്റെ ബലി പൂര്‍ത്തിയവട്ടെ!"

എന്റെ കൈകാലുകള്‍ വിറച്ചു; ഞാനാകെ അന്താളിച്ചു പോയി. നീചന്‍! എനിക്ക്‌ പേടിയായി, ഞാന്‍ തിരിച്ചോടി. ഭാഗ്യം! ഞാനവന്റെ കണ്‍മുന്നില്‍ പെട്ടില്ല. തൊടിയില്‍ കുറച്ചു നാള്‍ പോകാതെയിരുന്നു. ആ പൂവിന്റെ ഓര്‍മ്മ വീണ്ടും എന്നെ പഴയ ജീവിതചര്യയിലേക്ക് തിരിച്ചു നടത്തി.

അങ്ങനെ പിടയ്ക്കുന്ന ഹൃദയത്തോടെയാണ്‌ ഞാന്‍ തൊടിയില്‍ എത്തിയത്‌. ഇപ്പോള്‍ അവള്‍ക്ക് പരിശുദ്ധിയുടെ വെള്ള നിറമില്ല. അനുരാഗത്തിന്റേതോ ചോരയുടേതോ എന്നു തിരിച്ചറിയാനാവാത്ത ചെമപ്പ് നിറവുമില്ല. കണ്ണുനിരിന്റെ നിറമില്ലാത്ത നിറവും ദുഖത്തിന്റെ കറുത്ത നിറവുമാണ് അവള്‍. ഒരിതള്‍പോലുമില്ലാത്തവണ്ണം അവളുടെ നിറമുള്ള ലോകം അവന്‍ അടര്‍ത്തിയെടുത്ത്‌ കൊണ്ട്‌ പോയി.

പെട്ടെന്നാണ് ഒരു കാറ്റ്‌ വന്നത്‌. അവള്‍ക്ക് മണമുണ്ട്, സ്വപ്നത്തിലെ അതേ മണം. സ്നേഹത്തിന്റെ സുഗന്ധം.

പെരുമഴ... വലിയ മഴത്തുള്ളികള്‍ എന്റെ ദേഹത്തിലേക്ക് അരിച്ചിറങ്ങുമ്പോള്‍ ഞാനാ കാഴ്‌ച്ച കണ്ടു… ദൂരെ പാഞ്ഞ അവളുടെ കണ്ണുകള്‍ ഉടക്കി നില്‍ക്കുന്നത്‌ അകലെ തൊടിയുടെ മറ്റൊരു കോണില്‍ അവന്‍ വീണ്ടും. ഇനിയാരാണാവോ ബലിദര്‍പ്പണത്തിന്‌... എന്റെ മനസ്സും അറിയാതെ ചോദിച്ചു.

ഞാന്‍ വീണ്ടും അവളെ നോക്കി... കണ്ണ് നീരിന്റെ നിറമില്ലാത്ത നിറമല്ല അവള്‍ക്കിപ്പോള്‍... കറുത്ത നിറം - ചോര കട്ട പിടിച്ച കറുത്ത നിറം. ഇതളുകളില്ലാത്ത അവളുടെ രൂപം, ബലി പീÀത്തിലെ കഴുത്തറുക്കപ്പെട്ട ആട്ടിന്‍ കുഞ്ഞിനെ പോലെ തോന്നിച്ചു. എങ്കിലും അവള്‍ക്ക് ജീവനുണ്ട്‌. കഥ പറയാന്‍ മാത്രമുള്ള ജീവന്‍...

ദൂരെ അവന്‍ ചെമന്ന പൂവും തേടി നടക്കുന്നുണ്ടാവാം... പഴയ കവിതയും പത്രികയും അവന് ചുറ്റും മുഴങ്ങുന്നുണ്ടാവാം... ഇനിയേതു പൂവാണോ ബലിയര്‍പ്പിക്കപ്പെടുക?...”

പറഞ്ഞു തീര്‍ക്കുമ്പോഴേക്കും ഞാന്‍ തളര്‍ന്നു പോയിരുന്നു. വീണ്ടും മയക്കത്തിന്റെ ആലസ്യം... പാതി മയക്കത്തിലുള്ള എന്റെ വാക്കുകള്‍ സരസ്വതി പെറുക്കി വെയ്ക്കുണുണ്ടായിരുന്നു.

Note : കഥയും കഥാപാത്രങ്ങളും സാങ്കല്‍പികം മാത്രമാണ്‌. ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയ ആരെങ്കിലുമൊക്കെയായി സാദൃശ്യം തോന്നിയാല്‍ അതു തികച്ചും ആകസ്മികം മാത്രമാണെന്ന് എഴുത്തുകാരി സാക്ഷ്യപെടുത്തുന്നു. എന്നു സ്നേഹപൂര്‍വ്വം കൂട്ടുകാരി.


Saturday, 23 April 2011

കഥ


അവര്‍ പറഞ്ഞതൊക്കെ ഞാന്‍ കുത്തി കുറിച്ചപ്പോള്‍ ഞാന്‍ എഴുതിയതിനു അവരിട്ട പേരാണ് 'കഥ', 'ജീവനുള്ള കഥ'.

എനിക്ക്‌ തോന്നി അവരുടെ വാക്കുകളേക്കാളും അക്ഷരങ്ങള്‍ക്കു ജീവനുണ്ടെന്നു; ആര്‍ക്കും അടര്‍ത്തിയെടുക്കാനാവാത്ത ജീവന്‍.

അപ്പോള്‍ കഥയ്ക്കോ? അക്ഷരങ്ങള്‍ കൂട്ടിവെച്ച കഥയ്ക്കോ? അവന്റെ കുഞ്ഞി കണ്ണുകള്‍ എന്നോട്‌ പിന്നെയും ചോദിച്ചു. കഥയ്ക്ക് ജീവന്റെ ആത്മാവുണ്ടെന്നു ഞാന്‍.

ഒരു നുണ കഥ

അവര്‍ തമ്മില്‍ പിരിയുകയായി.


അവന്‍ അവളോട്‌ : "വേണം നമുക്ക്‌ പിരിയണം, എനിക്ക്‌ നിന്നെ ഇപ്പോഴെ മനസിലാകാതെയായി. ഇനി നമ്മുടെ ബന്ധം ഒരു ബന്ധനമാണ്; എനിക്കും നിനക്കും."

അവളുടെ കണ്ണില്‍ ഉരുണ്ടു കൂടിയ നീര്‍തതുള്ളികള്‍ ഒരു ബന്ധനവും ഇല്ലാതെ താഴേക്ക്‌ പതിച്ച്‌ കൊണ്ടേയിരുന്നു.

അവന്‍ അവളോട്‌ വീണ്ടും: "നീ എത്ര കരഞ്ഞാലും ഇനി ഈ തീരുമാനത്തിനു മാറ്റമില്ല."


അവള്‍ അവന്റെ മുഖത്തേക്ക്‌ നോക്കി ഇടറിയ സ്വരത്തില്‍: "ഞാന്‍ കരഞ്ഞത് നിന്നെ പിരിയുന്നതിനെ ഓര്‍ത്തല്ലാ. നിനക്കു നഷ്ടമാകുന്ന എന്റെ നിസ്വര്ഥ സ്നേഹമോര്‍ത്താണു."

അവള്‍ നടന്നു നീങ്ങുമ്പോഴേക്കും, അവന് പറയാന്‍ വാക്കുകള്‍ നഷ്ടമായിരുന്നു.


Note : കഥയും കഥാപാത്രങ്ങളും സാങ്കല്‍പികം മാത്രമാണ്‌. ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയ ആരെങ്കിലുമൊക്കെയായി സാദൃശ്യം തോന്നിയാല്‍ അതു തികച്ചും ആകസ്മികം മാത്രമാണെന്ന് എഴുത്തുകാരി സാക്ഷ്യപെടുത്തുന്നു. എന്നു സ്നേഹപൂര്‍വ്വം കൂട്ടുകാരി.